ഫ്ലാറ്റിനു തീപിടിച്ചു; ഏഴാംനിലയിൽനിന്നു ചാടിയ അച്ഛനും രണ്ടു മക്കളും മരിച്ചു
Wednesday, June 11, 2025 1:57 AM IST
ന്യൂഡൽഹി: ബഹുനില കെട്ടിടത്തിനു തീ പിടിച്ചതിനെത്തുടർന്ന് ഏഴാം നിലയിൽനിന്നു താഴേക്കു ചാടിയ അച്ഛനും രണ്ടു മക്കളും മരിച്ചു. ഡൽഹി ദ്വാരക സെക്ടർ 13ലെ ബഹുനില ഫ്ലാറ്റിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
പത്തു വയസ് പ്രായമുള്ള സഹോദരങ്ങളായ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഇവരുടെ അച്ഛൻ യഷ് യാദവു(35)മാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ ഭാര്യയും മൂത്ത മകനും പൊള്ളലേറ്റു ചികിത്സയിലാണ്.
തീപിടിത്തത്തിൽനിന്നു രക്ഷ നേടാനായി താഴേക്കു ചാടിയ മൂവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തീ വ്യാപിച്ചതോടെ കുട്ടികളാണു ബാൽക്കണിയിൽനിന്ന് ആദ്യം താഴേക്കു ചാടിയതെന്നാണ് സൂചന.
പിന്നാലെ അച്ഛനും താഴേക്കു ചാടുകയായിരുന്നു. യഷ് യാദവിന് ഫ്ലക്സ് ബോർഡ് ബിസിനസായിരുന്നു. കെട്ടിടത്തിലെ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. എട്ടു അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്.