വിജിലൻസിൽ ചേരാൻ പരീക്ഷ നിർബന്ധം
Wednesday, March 29, 2023 8:22 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി നിരോധന സംവിധാനമായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പോലീസിൽ നിന്നുള്ള ഡപ്യൂട്ടേഷൻ നിയമനത്തിന് എഴുത്തുപരീക്ഷ നിർബന്ധമാക്കി.
100 മാർക്കിനുള്ള പരീക്ഷയിൽ അഴിമതിവിരുദ്ധ നിയമങ്ങൾ, കുറ്റാന്വേഷണം, തെളിവുശേഖരണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. പരീക്ഷയ്ക്കായുള്ള സിലബസ് വിജിലൻസ് പുറത്തിറക്കി.
നിശ്ചിത ശതമാനം മാർക്കുള്ളവരെ ഉൾപ്പെടുത്തി പാനലുണ്ടാക്കിയ ശേഷം ഉദ്യോഗാർഥികളുടെ സ്വഭാവം, കൂട്ടുകെട്ട്, സ്വത്തുക്കൾ, ജീവിതരീതി എന്നിവയെല്ലാം വിജിലൻസ് ഇന്റലിജൻസ് വിഭാഗം രഹസ്യമായി അന്വേഷിക്കും. തുടർന്നാകും ഇവർക്ക് വിജിലൻസിലേക്ക് ഡപ്യൂട്ടേഷന് അനുമതി നൽകുക.
സിവിൽ പോലീസ് ഓഫിസർ മുതൽ എസ്ഐ വരെയുള്ളവരുടെ നിയമനത്തിനുള്ള ആദ്യ എഴുത്തു പരീക്ഷ ഏപ്രിൽ ഒന്നിനു നടക്കും. 600 പോലീസുകാരാണ് ആദ്യഘട്ട പരീക്ഷ എഴുതുന്നത്.