വഴിക്കടവ് ദുരന്തം; കോൺഗ്രസ് നിലവാലമില്ലാത്ത രാഷ്ട്രീയം കളിക്കുന്നു: എം.സ്വരാജ്
Sunday, June 8, 2025 3:31 AM IST
മലപ്പുറം: പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. നടന്നത് കുറ്റകൃത്യമാണ്. എന്നാൽ കോൺഗ്രസ് ഇതിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ല.
സ്വന്തം രാഷ്ട്രീയം തകരുമ്പോഴാണ് ഇത്തരം അപകടങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത്. സംഭവിച്ചത് ദുഖകരമായ സംഭവമാണ്. തെരഞ്ഞെടുപ്പ് വന്നതുകൊണ്ട് ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമല്ല ഇത്.
സംസ്ഥാനത്തിന് ചെയ്യാനാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. നിലവാരമില്ലാത്ത രാഷ്ട്രീയം സ്ഥിരമായി കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. സ്വന്തമായി രാഷ്ട്രീയ നിലപാടില്ലാത്തവരാണ് കോൺഗ്രസ്. അപകടമുണ്ടായാൽ ഉത്തരവാദി സർക്കാരല്ല.
അപകടം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്നത് ആര്യാടൻ ഷൗക്കത്തിന്റെ പരാമർശത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുണ്ടായത് കൊണ്ട് മാത്രമാണ് ഈ സമരവുമായി കോൺഗ്രസ് രംഗത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.