വഴിക്കടവിലേത് വന്യജീവി - മനുഷ്യ സംഘർഷമല്ല, ഏകപക്ഷീയമായ ആക്രമണം: പി.വി. അൻവർ
Sunday, June 8, 2025 10:37 AM IST
മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർഥി മരിച്ച സംഭവത്തെ തെരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്ന് നിലമ്പുർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ.
സംഭവം ഏകപക്ഷീയമായ ആക്രമണമാണെന്നും വന്യജീവി - മനുഷ്യ സംഘർഷമല്ല നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രി റോഡ് ഉപരോധിച്ചല്ല യുഡിഎഫ് പ്രകടനം നടത്തേണ്ടത്. സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന ആര്യാടൻ ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ല. ഷൗക്കത്ത് മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.
മമ്പാട് പന്നി ആക്രമിച്ച് പരിക്കേറ്റ മൂന്ന് പേർ നിലമ്പുർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. അതാണ് വന്യജീവി പ്രശ്നം. മനുഷ്യൻ ഒരു സംഘർഷത്തിനും പോകുന്നില്ല. വന്യജീവി ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. വനംമന്ത്രി പാട്ടുപാടി നടക്കുകയാണെന്നും അൻവർ വിമർശിച്ചു.