കരിങ്കൊടി പേടിയാണെങ്കിൽ വീട്ടിലിരിക്കണം; മുഖ്യമന്ത്രിയെ വിമർശിച്ച് ഷാഫി പറന്പിൽ
Monday, February 13, 2023 1:01 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറന്പിൽ.
കരിങ്കൊടി പേടിയാണെങ്കിൽ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലിരിക്കണമെന്നും അല്ലെങ്കിൽ അമിത നികുതി കുറയ്ക്കണമെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
പിണറായി സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടങ്കലിലാക്കുകയാണെന്നും പാലക്കാടും ആലത്തുരിലും രാത്രി വീട് വളഞ്ഞ് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് രാജ് കൊണ്ട് യൂത്ത് കോൺഗ്രസിനെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും പ്രതിഷേധങ്ങൾ തുടരുമെന്നും ഷാഫി അറിയിച്ചു.