മുംബൈ: ഗായകൻ സോനു നിഗമിന്‍റെ പിതാവ് അഗംകുമാറിന്‍റെ പക്കൽ നിന്നും ലക്ഷങ്ങൾ മോഷ്ടിച്ച മുൻ ഡ്രൈവർ അറസ്റ്റിൽ. രെഹാൻ എന്നയാളാണ് പിടിയിലായത്. 72 ലക്ഷം രൂപയാണ് ഇയാൾ അഗംകുമാറിന്‍റെ മുംബൈയിലെ വസതിയിൽ നിന്നും കവർന്നത്.

ഈ മാസം 19 നും 20 നും ഇടയിലാണ് മോഷണം നടന്നത്. അന്ധേരി‌‌‌യിലെ ഓഷിവാരയിലുള്ള വിൻഡ്‌സർ ഗ്രാൻഡ് അപ്പാർട്ട്മെന്‍റിലാണ് അഗംകുമാർ നിഗം ​​താമസിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് വെർസോവ മേഖലയിൽ താമസിക്കുന്ന മകൾ നികിതയുടെ വീട്ടിൽ ഉച്ചഭക്ഷണത്തിനായി എത്തിയ അഗംകുമാർ അൽപസമയം കഴിഞ്ഞ് മടങ്ങിയിരുന്നു. തുടർന്ന് മോഷണം നടന്നുവെന്ന് മനസിലാക്കിയ അഗംകുമാർ തടി അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിജിറ്റൽ ലോക്കറിൽ നിന്ന് 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി മകളെ വിളിച്ച് അറിയിച്ചു.

അടുത്ത ദിവസം, അഗംകുമാർ നിഗം ​​വിസയുമായി ബന്ധപ്പെട്ട ജോലികൾക്കായി മകന്‍റെ വീട്ടിൽ പോയി വൈകുന്നേരം തിരിച്ചെത്തി. തുട‌ർന്ന് ലോക്കറിൽ നിന്ന് 32 ലക്ഷം രൂപ കൂടി നഷ്ടപ്പെട്ടതായി മനസിലാക്കി.

അഗംകുമാറും മകളും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രെഹാൻ വീട്ടിലേക്ക് പോകുന്നത് കണ്ടു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് റെഹാൻ ഫ്ലാറ്റിൽ പ്രവേശിച്ചതെന്ന് അഗംകുമാർ ആരോപിക്കുന്നു.

തുടർന്ന് സോനു നിഗമിന്‍റെ ഇളയ സഹോദരി നികിത‌യാണ് ഒഷിവാര പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. എട്ടുമാസത്തോളം അഗംകുമാറിന്‍റെ ഡ്രൈവറായിരുന്ന രെഹാനെ അടുത്തിടെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നുവെന്ന് ഇവർ പറയുന്നു.