വമ്പൻ പോരിൽ ചെന്നൈ
Saturday, May 6, 2023 11:28 PM IST
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യൻസ് ക്ലാസിക് പോരിൽ അനായാസജയം നേടി ധോണിപ്പട. 140 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് മുംബൈയുടെ വമ്പിന് തടയിട്ടത്.
സ്കോർ:
മുംബൈ ഇന്ത്യൻസ് 139/8(20)
ചെന്നൈ സൂപ്പർ കിംഗ്സ് 140/4(17.4)
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത സിഎസ്കെയ്ക്കായി മതീഷ പതിരന നയിച്ച പേസ് പട കിടിലൻ പ്രകടനമാണ് കാഴ്ചവച്ചത്. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പതിരന നേടിയത്.
51 പന്തിൽ 64 റൺസ് നേടിയ നേഹൽ വധേര മാത്രമാണ് മുംബൈ നിരയിൽ പിടിച്ചുനിന്നത്. നായകൻ രോഹിത് ശർമ നാണക്കേടിന്റെ ഡക്ക് റിക്കാർഡുമായി മടങ്ങിയപ്പോൾ ഇഷാൻ കിഷൻ(7), കാമറൂൺ ഗ്രീൻ(7) എന്നിവരും നിരാശപ്പെടുത്തി. 26 റൺസ് നേടിയ സൂര്യകുമാർ യാദവ് മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡേ എന്നിവർ രണ്ട് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും പിഴുതു.
മറുപടി ബാറ്റിംഗിൽ ഋതുരാജ് ഗെയ്ക്വാദ്(30) - ഡെവൺ കോൺവേ(44) സഖ്യം ആതിഥേയർക്ക് മികച്ച തുടക്കമാണ് നൽകിയത്. ശിവം ദുബെ(26*), അജിങ്ക്യ രഹാനെ(21) എന്നിവർ വിജയനടപടികൾ പൂർത്തിയാക്കി. പതിവ് പോലെ മികച്ച രീതിയിൽ പന്തെറിഞ്ഞ പീയൂഷ് ചൗള നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ നേടിയെങ്കിലും വിജയം അകന്നുനിന്നു.
ജയത്തോടെ 13 പോയിന്റുമായി സിഎസ്കെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 10 പോയിന്റുള്ള മുംബൈ ലീഗിൽ ആറാമതാണ്.