അഞ്ച് വയസുകാരിയുടെ കൊലപാതകം; ആലുവ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ്
Monday, July 31, 2023 3:39 PM IST
കൊച്ചി: അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ കേസന്വേഷണത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്നാരോപിച്ച് ആലുവ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സ്റ്റേഷന് ഏതാനും മീറ്ററുകള്‍ക്ക് മുന്നില്‍ വച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.
അന്‍വര്‍ സാദത്ത് എംഎല്‍എ ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. അഞ്ച് വയസുകാരിയെ കാണാതായെന്ന് പരാതി ലഭിച്ച ആദ്യ മണിക്കൂറുകളില്‍ പോലീസിന് വീഴ്ചയുണ്ടായെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.
കുട്ടിയുമായി പ്രതി ആലുവ പരിസരത്തുതന്നെ ഉണ്ടായിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. രേഖാമൂലമുള്ള പരാതി ലഭിക്കാന്‍ പോലീസ് കാത്തിരുന്നെന്നും ആരോപണമുണ്ട്.
കുട്ടിയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ എത്താതിരുന്നതിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.