സൈബർ ആക്രമണം: വനിതാ കമ്മീഷന്റെ മൗനം അതിശയിപ്പിക്കുന്നുവെന്ന് അച്ചു ഉമ്മൻ
Saturday, October 28, 2023 6:09 PM IST
തിരുവനന്തപുരം: തനിക്കെതിരെ നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ പാലിക്കുന്ന മൗനം അതിശയിപ്പിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ.
മറ്റുചില കാര്യങ്ങളിൽ വളരെയധികം ഉത്സാഹത്തോടെ കേസെടുക്കുന്ന വനിതാ കമ്മീഷൻ തന്റെ പരാതിയിൽ മൗനം പാലിക്കുകയാണെന്നും കേസിന്റെ അവസ്ഥയിൽ ഇപ്പോൾ നിരാശയുണ്ടെന്നും ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എല്ലാ തെളിവുകളും സഹിതം പരാതി നൽകിയിട്ടും ഇതുവരെ ഒരു മറുപടി പോലും കിട്ടിയില്ലെന്നും അച്ചു ഉമ്മൻ പറയുന്നു. സൈബർ പോലീസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നും അച്ചു ഉമ്മൻ പറയുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായത്. സൈബർ പോലീസിനും പൂജപ്പുര പോലീസിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു.