നരേന്ദ്ര മോദി അബുദാബിയിൽ ; പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിൽ ഗംഭീര സ്വീകരണം
Tuesday, February 13, 2024 6:16 PM IST
അബുദാബി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ എത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിൽ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിൽ മോദിക്കായി ഗംഭീര സ്വീകരണവും ഒരുക്കിയിരുന്നു.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തിയതെങ്കിലും യുഎഇ പ്രസിഡന്റ് ഉൾപ്പടെയുള്ളവരുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.
അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടത്തുന്ന അഹ്ലൻ മോദി എന്ന പരിപാടിയിൽ പങ്കെടുത്ത് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. അതേസമയം പ്രതികൂല കാലാവസ്ഥ മൂലം അഹ്ലൻ മോദിയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പകുതിയാക്കിയതായി റിപ്പോര്‍ട്ടുണ്ട്.