അപകീര്‍ത്തി പരാമര്‍ശം: സിപിഎം നേതാവിനെതിരെ പരാതി
Sunday, February 25, 2024 11:01 PM IST
വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെ പരാതി.
അജീഷിന്റെ മകള്‍ക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസിൽ പുല്‍പ്പള്ളി സുരഭിക്കവല മുന്‍ ബ്രാഞ്ച് സെക്രട്ടറി ജോബിഷ് ജോര്‍ജിനെതിരെയാണ് പരാതി ഉയർന്നത്.
ഫെബ്രുവരി 21നാണ് കാട്ടാന ആക്രമണത്തില്‍ പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് അജീഷിന്റെ വീട്ടിലെത്തിയ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള മന്ത്രി സംഘത്തോട് അജീഷിന്റെ മകള്‍ നടത്തിയ സംഭാഷണം ഒരു ഓണ്‍ലൈന്‍ മാധ്യമം വാർത്തയാക്കി നൽകിയിരുന്നു.
ഈ വാര്‍ത്തയ്ക്ക് താഴെയാണ് ജോബിഷ് ജോര്‍ജ് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. സംഭവത്തിൽ ഐടി ആക്ട്, ശിശു സംരക്ഷണ നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സുരഭിക്കവല സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ജോബിഷ് ജോര്‍ജ് നിലവില്‍ മുള്ളന്‍ക്കൊല്ലി ലോക്കല്‍ കമ്മിറ്റി അംഗമാണ്.