ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു; മനംനൊന്ത് അമ്മ ജീവനൊടുക്കി
Tuesday, April 16, 2024 12:38 PM IST
കോതമംഗലം: വാഹാനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മകൾ മരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. രണ്ടു മാസം മുൻപു ചിറയിൻകീഴിൽ ബൈക്കപകടത്തിൽ പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ (സോനു-24) ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
വിവരമറിഞ്ഞു സ്നേഹയുടെ അമ്മ ഗായത്രി (45) നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്തു തൂങ്ങി മരിക്കുകയായിരുന്നു.
30 വർഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു ഹനുമന്ത് നായിക്. മകൻ: ശിവകുമാർ (കംപ്യൂട്ടർ വിദ്യാർഥി).
ആലുവ യുസി കോളജ് എംബിഎ വിദ്യാർഥിനിയായിരുന്നു മരിച്ച സ്നേഹ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി.