കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്
Monday, May 6, 2024 3:09 PM IST
തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയ്ക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ഒന്നാം മജിസ്ട്രറ്റ് കോടതിയാണ് ഇത് സംബന്ധിച്ച് കന്റോണ്‍മെന്റ് പോലീസിന് നിര്‍ദേശം നല്‍കിയത്.
സംഭവസമയം കാറിലുണ്ടായിരുന്ന മേയറുടെ സഹോദരന്, സഹോദര ഭാര്യ എന്നിവര്‍ക്കെതിരെയും കേസെടുക്കാനാണ് നിര്‍ദേശം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
ബസ് തടഞ്ഞ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്ന് കാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
നേരത്തേ മറ്റൊരു അഭിഭാഷകന് നല്കിയ ഹര്‍ജിയിലും മേയര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സംഘടിതമായി ഗതാഗത തടസമുണ്ടാക്കി എന്ന വകുപ്പ് ചുമത്തിയാണ് മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.