ഉജ്ജനി ബോട്ട് അപകടം: അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
Thursday, May 23, 2024 12:50 PM IST
മുംബൈ: മഹാരാഷ്ട്രയിലെ സോലാപുര്‍ ജില്ലയിലെ ഉജ്ജാനി ഡാമില്‍ ബോട്ട് മറിഞ്ഞ് കാണാതായ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കായി എന്‍ഡിആര്‍എഫ് സംഘം തിരച്ചില്‍ തുടരുന്നു.
ഉജ്ജനി അണക്കെട്ടിന്റെ കായലില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കുഗാവ് ഗ്രാമത്തില്‍ നിന്നും കലാശി ഗ്രാമത്തിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഫെറി ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ഒരു സ്ത്രീയും രണ്ടു കുട്ടികളും ഉള്‍പ്പെടെ ഏഴ് യാത്രക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഗോകുല്‍ ജാദവ്, ഭാര്യ കോമള്‍, മകള്‍ മഹി(മൂന്ന്), ഒന്നര വയസുള്ള മകന് ശുഭം, ഒരു പോലീസ് ഇന്‍സ്പെക്ടര്‍, രാഹുല്‍ ഡോംഗ്രെ എന്നയാളും അദ്ദേഹത്തിന്റെ ബന്ധുവുമായിരുന്നു യാത്രക്കാര്‍.
കനത്ത കാറ്റിലും മഴയിലും ഫെറി ബോട്ട് മറിയുകയായിരുന്നു. അപകടത്തെതുടര്‍ന്ന് രാഹുല്‍ നീന്തി രക്ഷപ്പെട്ടു. ഇയാളാണ് അപകടവിവരം ആളുകളെ അറിയിച്ചത്. അഞ്ച് യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘവും പോലീസും അഗ്നിരക്ഷാ സേനയും സംയുക്തമായാണ് രക്ഷാദൗത്യം നടത്തുന്നത്.