മതം പറഞ്ഞ് വോട്ട് പിടിക്കുന്നത് അല്ല സംസ്കാരം; സത്യം തെളിയുന്നതില്‍ സന്തോഷമെന്ന് ഷാഫി
Wednesday, August 14, 2024 8:59 AM IST
പാലക്കാട്: വടകരയിലെ കാഫിർ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന പോലീസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറന്പിൽ എംപി.സ്ക്രീന്‍ഷോട്ടില്‍ യുഡിഎഫിന് പങ്കില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. സത്യം തെളിയുന്നതില്‍ സന്തോഷമുണ്ടെന്നും ഷാഫി പ്രതികരിച്ചു.
മതം പറഞ്ഞ് വോട്ട് പിടിക്കുന്നത് അല്ല സംസ്കാരം. ചെയ്തത് തെറ്റാണെന്ന് അത് ചെയ്തവര്‍ സമ്മതിക്കണം. സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച മുഴുവന്‍ ആളുകളും തെറ്റ് തിരുത്താന്‍ തയാറാകണം.
ഇതിന് പിന്നില്‍ അടിമുടി സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമാണ്. നേരത്തേ മുഖമില്ലാതിരുന്ന പ്രതികള്‍ക്ക് ഇപ്പോള്‍ മുഖമുണ്ട്. എന്നിട്ടും കേസെടുക്കുന്നില്ല.
പോലീസ് അന്വേഷണം സ്ലോമോഷനിലാണ്. മറ്റ് പാര്ട്ടിക്കാര് ആയിരുന്നേല്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് ഷാഫി ചോദിച്ചു. സ്ക്രീന്‍ഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും ഷാഫി കൂട്ടിച്ചേർത്തു.