യുവാവ് വെടിയേറ്റ് മരിച്ചു; ഷാക്കീബ് അൽ ഹസനെതിരെ കൊലക്കേസ്
Friday, August 23, 2024 5:03 PM IST
ധാക്ക: ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ക്രിക്കറ്റ് താരം ഷാക്കീബ് അൽ ഹസനെതിരെ കൊലക്കേസ് ചുമത്തി. മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ റൂബൽ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഷാക്കീബിനെതിരെ കേസ് എടുത്തത്.
ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എംപിയാണ് ഷാക്കീബ് അൽ ഹസൻ. കേസിലെ 28-ാം പ്രതിയാണ് ഷാക്കീബ് . ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പടെ 154 പേർ കേസിൽ പ്രതികളാണ്. തിരിച്ചറിയുന്ന 500 പേർക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.
ഷാക്കീബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആഹ്വാന പ്രകാരമാണ് ഓഗസ്റ്റ് അഞ്ചിന് അബദോറിലെ റിംഗ് റോഡിലെ സംഘർഷത്തിൽ റൂബലിന് വെടിയേറ്റതെന്ന് പരാതിയിൽ പറയുന്നു. പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീമിനൊപ്പമാണ് ഷാക്കീബ് അൽ ഹസൻ. 37കാരനായ ഷാക്കീബ് 68 ടെസ്റ്റുകളിലും 247 ഏകദിനങ്ങളിലും 129 ടി20യിലും കളിച്ചിട്ടുണ്ട്.