അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്ന പരാതി; അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റീസിന് പരാതി നൽകി
Friday, March 7, 2025 6:27 PM IST
കൊച്ചി: അഭിഭാഷകയോട് ഹൈക്കോടതി ജഡ്ജി മോശമായി സംസാരിച്ചെന്ന ആരോപണത്തിൽ ചീഫ് ജസ്റ്റീസിന് അഭിഭാഷക അസോസിയേഷൻ പരാതി നൽകി. ജസ്റ്റീസ് ബി. ബദറുദ്ദീനെതിരേയാണ് പരാതി.
അതിനിടെ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.ബദറുദ്ദീനെതിരേ അഭിഭാഷകർ പരസ്യപ്രതിഷേധം നടത്തിയിരുന്നു. അഭിഭാഷകയെ അപമാനിക്കുന്ന രീതിയില്‍ ജഡ്ജി സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിമുറിയില്‍ അഭിഭാഷകർ പ്രതിഷേധിച്ചത്. ചേമ്പറില്‍ വച്ച് മാപ്പ് പറയാമെന്ന് ജഡ്ജി അറിയിച്ചെങ്കിലും തുറന്ന കോടതിയില്‍ മാപ്പ് പറയണമെന്നാണ് അഭിഭാഷക അസോസിയേഷന്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം. അലക്സ് എം.സ്കറിയ എന്ന അഭിഭാഷകന് മരണപ്പെട്ടതോടെ അദ്ദേഹം ഹാജരായിരുന്ന കേസിന്റെ വക്കാലത്ത് ഭാര്യയായ അഡ്വ. സരിത ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ജസ്റ്റീസ് എ.ബദറുദ്ദീന്‍ കേസ് പരിഗണിച്ചപ്പോള്‍ സരിതയാണ് ഹാജരായത്. ഭര്‍ത്താവ് മരണപ്പെട്ടത്തിനാല്‍ കേസിന്റെ വക്കാലത്തിനായി കുറച്ച് സമയം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജഡ്ജി ഇവരെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് പരാതി.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് ചേമ്പറിലെത്തി സംസാരിച്ചെങ്കിലും തുറന്ന കോടതിയില്‍ മാപ്പ് പറയാന്‍ തയാറല്ലെന്നായിരുന്നു ജഡ്ജിയുടെ മറുപടി. സംഭവത്തിൽ പ്രതിഷേധം തുടരുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. അതേസമയം വിഷയം പഠിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സാവകാശം തേടിയിട്ടുണ്ട്.