മെഡിക്കല്‍ കോളജിലെ മരണം; വിദഗ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി
Saturday, May 3, 2025 3:05 PM IST
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ അപകടത്തില്‍ പിഡബ്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഷോര്‍ട്ട് സര്‍ക്യൂട്ടോ ബാറ്ററിയുടെ പ്രശ്നങ്ങളോ ആകാം അപകടകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2026 ഒക്ടോബര്‍ വരെ വാറണ്ടി ഉള്ള എംആര്‍ഐ യുപിഎസ് യൂണിറ്റാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്ങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
സ്ഥലത്ത് ഫോറന്‍സിക് പരിശോധന തുടരുകയാണ്. അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപകടസമയത്ത് മരിച്ചവരുടെ കേസ് ഷീറ്റ് പരിശോധിച്ച ശേഷമാണ് തീപിടിത്തമല്ല മരണകാരണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നാല് പേരുടെ മരണം സംബന്ധിച്ച് വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ സംഘം അന്വേഷണം നടത്തും. പോസ്റ്റ്മോർട്ടത്തിലൂടെയെ മരണകാരണം സ്ഥിരീകരിക്കാനാവൂ.
151 രോഗികളാണ് അപകടസമയം ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 114 പേര് മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സയില്‍ തുടരുകയാണ്. 37 പേരാണ് മറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 12 പേര് ജനറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കും. ചികിത്സാ ചെലവിന്റെ കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.