"രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം'; പുടിനുമായി സംസാരിക്കുമെന്ന് ട്രംപ്
Sunday, May 18, 2025 9:28 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
ട്രംപിന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശരാശരി 5000-ത്തിലധികം റഷ്യൻ, യുക്രെയ്ൻ സൈനികരാണ് ആഴ്ചയിൽ കൊല്ലപ്പെടുന്നത്. ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനായാണ് പുടിനുമായി സംസാരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലന്‍സ്കിയോടും സംസാരിക്കുമെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കുറിച്ചു. നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടിരുന്നില്ല. 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ മാത്രമാണ് ചർച്ചയിൽ ധാരണയായത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു യുദ്ധ തടവുകാരെ കൈമാറാനുളള നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലന്‍സ്കിയും പങ്കെടുത്തിരുന്നില്ല.
കൂടാതെ ചർച്ച കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ യുക്രൈയ്നിൽ യാത്രാ ബസിന് നേരെ റഷ്യ ഡ്രോണാക്രമണം നടന്നിരുന്നു. അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.