ആഭ്യന്തര വകുപ്പിൽ ആരുമില്ലാത്ത അവസ്ഥയെന്ന് വി.ഡി. സതീശൻ
Monday, May 19, 2025 1:39 AM IST
തിരുവനന്തപുരം: മാല മോഷ്ടിച്ചെന്ന സംശയത്തിൽ നിരപരാധിയായ ദളിത് യുവതിയെ 20 മണിക്കൂർ പോലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പേരൂർക്കട സ്റ്റേഷനിൽ ക്രൂരമായ മാനസിക പീഡനമാണ് ബിന്ദു എന്ന വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നത്. പെണ്മക്കളെ കേസിൽ കുടുക്കുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തി മോഷണക്കുറ്റം സമ്മതിപ്പിച്ചെന്ന് ബിന്ദു വെളിപ്പെടുത്തിയിരുന്നു.
കാണാതായ മാല കിട്ടിയെന്ന് പിറ്റേ ദിവസം രാവിലെ ഉടമസ്ഥ അറിയിച്ചിട്ടും അതു മറച്ചുവച്ച് ഭീഷണിപ്പെടുത്താനാണ് എസ്ഐ ശ്രമിച്ചത്. വെള്ളം ചോദിച്ചപ്പോൾ ബാത്ത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് പോലീസിനെതിരേയുള്ളത്.
ആഭ്യന്തര വകുപ്പിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതാണ് ഇത്തരം വഴിവിട്ട നടപടി എടുക്കാൻ പോലീസിനെ പ്രേരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.