ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം; അൻവർ ഇടയുന്നു
Monday, May 26, 2025 7:16 PM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിനു പിന്നാലെ അതൃപ്തി പ്രകടമാക്കി പി.വി.അൻവർ. ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങൾക്ക് താത്പര്യമില്ലെന്നും ഗോഡ്ഫാദർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ വി.എസ്.ജോയി തഴയപ്പെട്ടുവെന്നും അൻവർ തുറന്നടിച്ചു.
ഷൗക്കത്തിനായി ഇപ്പോൾ പ്രചാരണത്തിന് ഇറങ്ങില്ലെന്നും രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും അൻവർ പറഞ്ഞു. ഷൗക്കത്ത് രണ്ടു മാസം മുന്പ് സിപിഎം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഷൗക്കത്തിനെ സ്വതന്ത്ര സ്ഥാനാർഥിയായി അംഗീകരിക്കാനാകില്ലെന്ന് സിപിഎം പ്രാദേശിക ഘടകങ്ങൾ തീരുമാനമെടുത്തു.
ഇതോടെയാണ് ഷൗക്കത്ത് കോൺഗ്രസുമായി വീണ്ടും അടുത്തതെന്നും അൻവർ പറഞ്ഞു. നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാൻ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടത്.
ക്രിസ്ത്യൻ കമ്യൂണിറ്റിയിൽ നിന്നും ഒരു പ്രതിനിധി ഈ മണ്ഡലത്തിൽ നിന്നും ഈയടുത്ത് ഉണ്ടായിട്ടില്ല. മലയോര മേഖലയിലെ യുഡിഎഫിന്റെ അനുകൂല സാഹചര്യം ക്രിസ്ത്യൻ കമ്യൂണിറ്റിയെ പരിഗണിക്കാതിരുന്നതോടെ നഷ്ടപ്പെട്ട് പോയെന്നും അൻവർ വ്യക്തമാക്കി.