നിലമ്പൂര്‍ തിരിച്ചുപിടിക്കും; മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും: ആര്യാടന് ഷൗക്കത്ത്
Monday, May 26, 2025 8:09 PM IST
മലപ്പുറം: വരുന്ന ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയ നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് നല്ലൊരു വിജയമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും.
രണ്ടു തവണ നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കാനും പിതാവ് ആര്യാടന് മുഹമ്മദ് മൂന്നരപ്പതിറ്റാണ്ട് കാലം നിലമ്പൂരിലുണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായും ഈ അവസരം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നെപ്പോലെ പലരും ഇവിടെ മത്സരിക്കാന്‍ അര്‍ഹതയുള്ളവരും യോഗ്യതയുള്ളവരുമാണ്.
പക്ഷേ എല്ലാവര്ക്കും മത്സരിക്കാനാകില്ല. ഒരാള്‍ക്കേ മത്സരിക്കാനാകൂ. ആര് സ്ഥാനാര്‍ഥിയായാലും ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. അത് പറഞ്ഞതുമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു.
നിലമ്പൂരിലെ വികസനമുരടിപ്പും കേരളത്തിലെ ദുരിതപൂര്‍ണമായ നിലവിലെ അവസ്ഥയുമെല്ലാം ചര്‍ച്ച ചെയ്തുകൊണ്ട് ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.