പുതിയ പോലീസ് മേധാവി; ആറു പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി
Monday, May 26, 2025 9:11 PM IST
തിരുവനന്തപുരം: പുതിയ ഡിജിപിയെ തെരഞ്ഞെടുക്കുന്നതിനായി ആറു പേരുടെ പട്ടിക കേരളം കേന്ദ്രത്തിന് കൈമാറി. നിതിൻ അഗർവാൾ, റാവഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് രാജ്പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കൈമാറിയ പേരുകളിൽ നിന്നും മൂന്നു പേരെ കേന്ദ്രം തെരഞ്ഞെടുത്ത് കേരളത്തെ അറിയിക്കും. ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് കേന്ദ്രം മൂന്നംഗ പട്ടിക തയാറാക്കുക.
അതിൽ ഒരാളെ മന്ത്രിസഭയോഗം പുതിയ പോലീസ് മേധാവിയായി നിയമിക്കും. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ആറംഗ പട്ടിക നൽകിയത്. ആറംഗ പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത്, റവാഡ ചന്ദ്രശേഖർ എന്നിവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
പോലീസ് മേധാവിയാക്കിയാൽ കേരളത്തിൽ തിരിച്ചെത്താമെന്ന് ഇവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അടുത്തമാസം 30 നാണ് നിലവിലെ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്.