"സ്കൈ'തകർത്തു; പഞ്ചാബിന് 185 റൺസ് വിജയലക്ഷ്യം
Monday, May 26, 2025 9:49 PM IST
ജയ്പൂർ: ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് 185 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്.
അർധസെഞ്ചറി നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. 39 പന്തിൽ രണ്ടു സിക്സും ആറു ഫോറുകളുമുൾപ്പടെ 57 റൺസെടുത്ത് സൂര്യ പുറത്താകാതെനിന്നു. രോഹിത് (24), റിയാന്‍ റിക്കിൾടണ് (27), ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ (26) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
പഞ്ചാബിനായി മാർക്കോ യാൻസൻ, വൈശാഖ് വിജയ് കുമാർ , അർഷ്ദീപ് സിംഗ്എ ന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പ്ലേഓഫിൽ സ്ഥാനമുറപ്പിച്ച ഇരു ടീമുകളുടെയും അവസാന ലീഗ് മത്സരമാണിത്. ഇന്നു ജയിക്കുന്ന ടീം ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് ഒന്നാം ക്വാളിഫയറിന് യോഗ്യത നേടും.
തോൽക്കുന്ന ടീം എലിമിനേറ്റർ റൗണ്ടിലെ ജീവൻ മരണ പോരാട്ടത്തിനൊരുങ്ങണം. 13 മത്സരങ്ങളിൽനിന്ന് 17 പോയിന്റുള്ള പഞ്ചാബ് നിലവിൽ രണ്ടാമതും 16 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്തുമാണ്.