നിയമസഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്ര ഒത്തുകളി ബിഹാറിലും ആവർത്തിക്കുമെന്ന് രാഹുൽ
Saturday, June 7, 2025 9:32 PM IST
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്ന ആരോപണം വീണ്ടും ഉന്നയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മഹാരാഷ്ട്രയ്ക്ക് സമാനമായ ഒത്തുകളി വരുന്ന ബിഹാർ തെരഞ്ഞെടുപ്പിലും നടക്കുമെന്നാണ് രാഹുൽ ആരോപണം ഉന്നയിച്ചത്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഗുരുതര ആരോപണം വന്നിരിക്കുന്നത്.
ജനാധിപത്യത്തെ എങ്ങനെ അട്ടമറിക്കാമെന്നതിന്റെ തെളിവാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പെന്നും തോൽവി ഉറപ്പാക്കുന്നിടത്തെല്ലാം ബിജെപി ഇത്തരം തിരിമറികൾ നടത്തുന്നുവെന്നും ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം മുതല്‍ വോട്ടര്‍ പട്ടിക തയാറാക്കുന്നത് വരെയുളള എല്ലാ നടപടിക്രമങ്ങളിലും തിരിമറി നടന്നുവെന്നാണ് രാഹുലിന്റെ വാദം. പോളിംഗ് ദിവസവും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ട്.
പോളിംഗ് ശതമാനത്തിൽ അസാധാരണ വർധനയുണ്ടായെന്നും ഇത്തരം ക്രമക്കേടുകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നും ബിഹാറിലും ഇത് തന്നെ ആവർത്തിക്കുമെന്നും രാഹുൽ ആരോപിച്ചു.