പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; യുഡിഎഫ് മാർച്ചിൽ സംഘർഷം
Sunday, June 8, 2025 12:26 AM IST
മലപ്പുറം: പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു (ജിത്തു) ആണ് മരിച്ചത്.
അപകടത്തിൽ ഷാനു, യദു എന്നിവർക്ക് പരിക്കേറ്റിരുന്നു. ഫുട്ബോൾ കളിക്കുശേഷം മടങ്ങുന്നതിനിടെയാണ് അപകടം. വിദ്യാർഥി മരിക്കാനിടയായ സംഭവം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്.
സംസ്ഥാന പാത ഉപരോധിച്ച് സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് വീണ്ടും ലാത്തി വീശി. ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് അധികൃതർ പറഞ്ഞു.