ഒൻപതു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ
Sunday, June 8, 2025 4:05 PM IST
ന്യൂഡൽഹി: ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. നെഹ്റു വിഹാറിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയതിനു ശേഷം തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെത്തുടർന്ന് അന്വേഷണം നടത്തി വരികയായിരുന്നു.
കുട്ടി ഒരു വീട്ടിലേക്ക് കയറി പോകുന്നത് കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായി ബന്ധുക്കൾ അവിടെ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ കതക് പൊളിച്ചു അകത്ത് കയറിപ്പോൾ ആണ് ഒരു സ്യൂട്ട്കേസിൽ നിന്ന് രക്തം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുറന്നു നോക്കിയപ്പോൾ കുട്ടി അതിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മുഖത്തുൾപ്പെടെ പരിക്കുകൾ കണ്ടെത്തി. ഫോറൻസിക് വിഭാഗം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം ദയാൽപൂർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. അന്വേഷണം തുടരുന്നുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.