അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ
Saturday, June 21, 2025 7:27 PM IST
കോട്ടയം: അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ അധ്യാപകന് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് അറസ്റ്റിലായത്.
കോട്ടയം വിജിലൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു. ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികൾ കൈക്കൂലിയായി വാങ്ങിയത്.
കോട്ടയത്തെ മൂന്ന് അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്താൻ സെക്രട്ടേറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന് പറഞ്ഞാണ് വിജയൻ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് അറിയിച്ചു. ഈ സംഭവത്തിലാണ് സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ കൂടി ഇപ്പോള്‍ പിടിയിലാകുന്നത്.