ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടി; ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
Wednesday, July 2, 2025 11:02 PM IST
കൊളംബോ: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. ടോസ്നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 49.2 ഓവറിൽ 244 റൺസിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ചരിത് അസലങ്ക (106) ആണ് ടോപ്സ്കോറർ.
കുശാൽ മെൻഡിസ് (45), ജനിത് ലിയാനേജ് (29) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് നാലും തൻസിം ഹസൻ ഷാക്വിബ് മൂന്നു വിക്കറ്റും നേടി. 245 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 35.5 ഓവറിൽ 167 റൺസിന് എല്ലാവരും പുറത്തായി.
സ്കോർ: ശ്രീലങ്ക 244/10 (49.2) ബംഗ്ലാദേശ് 167 (35.5). സ്വപ്നതുല്യമായ തുടക്കത്തിനുശേഷം ബംഗ്ലാദേശ് തകർന്നടിയുകയായിരുന്നു. ഒരുഘട്ടത്തിൽ നൂറിന് ഒന്ന് എന്ന നിലയിൽ ശക്തമായി നിന്നിരുന്ന ലങ്ക 105ന് എട്ട് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
തൻസീദ് ഹസൻ (62), ജാക്കർ അലി (51) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഏഴു ബാറ്റ്സ്മാൻമാർ ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കാണാതെ പുറത്തായപ്പോൾ ശ്രീലങ്ക 77 റൺസിന്റെ വിജയം ആഘോഷിച്ചു. നാലുവിക്കറ്റ് നേടിയ ഹസരങ്കയും മൂന്നുവിക്കറ്റ് നേടിയ കാമിന്ദു മെൻഡിസുമാണ് ബംഗ്ലാ കടുവകളെ പിടിച്ചു കെട്ടിയത്.
ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ലങ്ക 1 - 0 മുന്നിലെത്തി. ചരിത് അസലങ്കയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.