രക്ഷാപ്രവർത്തനം വൈകി, ആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു: പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
Thursday, July 3, 2025 2:00 PM IST
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.