ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും; അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
Thursday, July 3, 2025 3:28 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോഅലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വടക്കൻ ഒഡീഷയ്ക്കും അതിനോടു ചേർന്നുളള ഗംഗാതട പശ്ചിമബംഗാളിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യുനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, കേരള- കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് തെക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന വടക്കൻ ഗുജറാത്ത് തീരം, കൊങ്കൺ, ഗോവ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, വടക്കു കിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മന്നാർ , അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങൾ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.