അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് കുഞ്ഞാലിക്കുട്ടി
Sunday, June 1, 2025 9:40 PM IST
മലപ്പുറം: പി.വി. അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലമ്പൂരിലേത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് ഇന്ന് ചർച്ച ചെയ്യുന്നത് യുഡിഎഫിന് വിജയിക്കാനുള്ള സ്ട്രാറ്റജിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുസ്ലിം ലീഗ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നാണ് ലീഗ് യോഗത്തിൽ വിമർശനം ഉയർന്നത്.
അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണന കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നു. ഇങ്ങനെ പോയാൽ പാർട്ടിക്ക് വേറെ വഴി നോക്കേണ്ടിവരുമെന്നും നേതാക്കൾ പറഞ്ഞു.
കെ.എം. ഷാജിയും എം.കെ. മുനീറും അടക്കമുള്ള നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു.