സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാൻ; പ്രതികരിക്കാതെ ഇന്ത്യ
Saturday, June 7, 2025 9:05 AM IST
ന്യൂഡല്‍ഹി: സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പാക്കിസ്ഥാൻ. പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുർതാസയാണ് വിഷയത്തിൽ ജൽ ശക്തി മന്ത്രാലയത്തിന് കത്തയച്ചത്. കത്തുകള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.
ഇത് നാലാം തവണയാണ് ആവശ്യവുമായി പാക്കിസ്ഥാന് ഇന്ത്യയെ സമീപിക്കുന്നത്. ജലത്തിന്റെ അഭാവം കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്നാണ് പാക്കിസ്ഥാന്റെ നിലപാട്. എന്നാൽ പാക്കിസ്ഥാന്റെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജലക്കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. ലോകബാങ്കിനോടും വിഷയത്തിൽ ഇടപെടണമെന്ന് പാക്കിസ്ഥാൻ അഭ്യർഥിച്ചിരുന്നു. എന്നാൽ ലോകബാങ്ക് ഇതിന് വിസമ്മതിച്ചിരുന്നു.