പാർലമെന്റ് വർഷകാല സമ്മേളനം; ജൂലൈ 21ന് ആരംഭിക്കും
Saturday, June 21, 2025 4:26 AM IST
ന്യൂഡൽഹി: ജൂലൈ 21ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം ഭരണ-പ്രതിപക്ഷ ആരോപണ-പ്രത്യാരോപണത്തിൽ പ്രക്ഷുബ്ധമാകും. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ പ്രതിപക്ഷം ഉയർത്തുന്പോൾ, അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികം പ്രതിപക്ഷത്തിനു നേരേ ഉന്നയിക്കാനാണ് എൻഡിഎ സർക്കാരിന്റെ നീക്കം.
അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ ആത്മാവിനെ ഇല്ലാതാക്കി എന്ന ഉള്ളടക്കത്തിൽ നിരവധി പരിപാടികൾ രാജ്യവ്യാപകമായി നടത്താനും ബിജെപി പദ്ധതിയിടുന്നുണ്ട്. കൂടാതെ മോദി സർക്കാരിന്റെ 11-ാം വാർഷികവും രാജ്യം കൈവരിച്ച വികസനനേട്ടങ്ങളും ബിജെപി സർക്കാർ ഉയർത്തിക്കാണിച്ചേക്കും.
എന്നാൽ, രാജ്യത്തിന്റെ വിദേശനയം ബിജെപി സർക്കാർ പൂർണമായും പരാജയപ്പെടുത്തി എന്ന ആരോപണമായിരിക്കും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാർട്ടികൾ ഉന്നയിക്കുക. മറ്റു ലോകരാജ്യങ്ങൾക്കു മുന്നിൽ പാക്കിസ്ഥാന്റെ തീവ്രവാദ പിന്തുണ മനസിലാക്കിക്കൊടുക്കാൻ ഇന്ത്യക്കു സാധിച്ചില്ലെന്നും പ്രതിപക്ഷം ആരോപിക്കും.