സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിഷ്കരിച്ച മെനു പ്രകാരം തന്നെ ഭക്ഷണം നല്‍കും: മന്ത്രി വി. ശിവന്‍കുട്ടി
Saturday, June 21, 2025 8:35 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിഷ്കരിച്ച മെനു പ്രകാരം തന്നെ ഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളുടെയുമെല്ലാം ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകിയ പേരിൽ ഒരു അധ്യാപകനും കടക്കാരനാകില്ലെന്നും അല്പം താമസം വന്നാലും സര്‍ക്കാര്‍ നല്‍കേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുളള പുതിയ ഭക്ഷണ മെനു കഴിഞ്ഞ ദിവംസപുറത്ത് വന്നതിനു പിന്നാലെ സര്‍ക്കാര്‍ നല്കുന്ന പരിമിതമായ തുക കൊണ്ട് മെനുവില്‍ പറയുന്ന ആകര്‍ഷകമായ വിഭവങ്ങളെല്ലാം നല്കാനാകുമോ എന്ന ആശങ്ക അധ്യാപകരില്‍ നിന്നും അധ്യാപക സംഘടനകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
എല്‍പി സ്കൂളില ഒരു കുട്ടിക്ക് ആറ് രൂപ 78 പൈസയും യുപി സ്കൂളിലെ ഒരു കുട്ടിക്ക് 10 രൂപ 17 പൈസയും മാത്രം സര്‍ക്കാര്‍ വിഹിതം നിശ്ചയിച്ചിരിക്കെ ഏറെക്കുറെ ഇരട്ടിയോളം തുക പുറമെ നിന്ന് കണ്ടെത്തുക അപ്രായോഗികമെന്ന വിലയിരുത്തലുകളും വന്നു. ഈ വിഷയത്തിലാണ് മെനു പരിഷ്കരിച്ചത് നടപ്പാക്കാന്‍ വേണ്ടി തന്നെയാണെന്ന് മന്ത്രി നിലപാട് വ്യക്തമാക്കിയത്.