കട്ടപ്പനയിലെ ലോട്ടറിക്കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
Thursday, July 3, 2025 2:33 AM IST
ഇടുക്കി: കട്ടപ്പന ടൗണിലെ ലോട്ടറിക്കടയിൽ നിന്ന് നാലര ലക്ഷത്തിന്റെ മോഷണം നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസിലെ പ്രതിയായ കൂട്ടാർ സ്വദേശി ആക്രി ഷാജി എന്നറിയപ്പെടുന്ന ഷാജി ആണ് പിടിയിലായത്.
കട്ടപ്പന പുതിയ ബസ് സ്റ്റാൻറിൽ പ്രവർത്തിക്കുന്ന അശോകാ ലോട്ടറി ഹോൾ സെയിൽ ഏജൻസിയിൽ തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുമാണ് മോഷ്ടിച്ചത്.
രാവിലെ കട തുറക്കാൻ ജീവനക്കാരി എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. തുടർന്ന് പോലീസെത്തി കടക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ ഷാജിയെ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്റെ നേതൃത്യത്തിലുള്ള സംഘം പിടികൂടിയത്. മോഷ്ടിച്ച ഒരു ലക്ഷത്തോളം രൂപയും ലോട്ടറി ടിക്കറ്റുകളും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.
സംസ്ഥാനത്ത് വിവിധ ഭാഗത്തയി നിരവധി മോഷണ കേസുകളിലെ പ്രതിയായ ഇയാൾ മോഷണത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.