ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
Thursday, July 3, 2025 3:22 AM IST
അഗർത്തല: ത്രിപുരയിലെ ധലായ് ജില്ലയിൽ പച്ചക്കറി മോഷ്ടിച്ചുവെന്ന് സംശയിച്ച് യുവാവിനെ ഒരുസംഘമാളുകൾ തല്ലിക്കൊന്നു. മനു നദിക്കടുത്തുള്ള ചിത്രേസെൻ കർബാരി പാറ പ്രദേശത്ത് ബുധനാഴ്ച അർധ രാത്രിയിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നദീതീരത്തിന് സമീപം കൃഷിയിടത്തിൽ നിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപിക്കപ്പെടുന്നു. പ്രകോപിതരായ കർഷക സംഘം ഇയാളെ പിടികൂടി ക്രൂരമായി മർദിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചുവെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച രാവിലെ നാട്ടുകാർ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും മനു പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.