ഒഡീഷയിൽ യുവാവ് പെൺസുഹൃത്തിനെ കുത്തിക്കൊന്നു
Thursday, July 3, 2025 5:23 AM IST
ഭുവനേശ്വർ: ഒഡീഷയിലെ ബെർഹാംപൂരിൽ ലോഡ്ജിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൃത്യത്തിന് ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പ്രിയ കുമാരി മോഹരാന ആണ് കൊല്ലപ്പെട്ടത്. ലഞ്ചിപ്പള്ളി സ്വദേശി അഭയകുമാർ മോഹന (24) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിൽ അഭയ മുറിയെടുത്തു. പ്രിയ അൽപ്പം വൈകിയാണ് എത്തിയത്. ഇരുവരും മുറിയിൽ അൽപ്പസമയം ഒന്നിച്ചു ചിലവഴിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
അഭയ, പ്രിയ കുമാരിയെ 20 തവണ കുത്തിയതായും തുടർന്ന് ഇവർ മരിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം, കൈയ്ക്കേറ്റ പരിക്കിന് ചികിത്സയ്ക്കായി പ്രതി സിറ്റി ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് ഗോസാനിനുവാഗോൺ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതായി പോലീസ് പറഞ്ഞു.
മറ്റൊരാളെ വിവാഹം കഴിക്കാനുള്ള പ്രിയയുടെ തീരുമാനത്തിൽ പ്രകോപിതനായ പ്രതി പ്രിയയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.