വിസിയുടെ നടപടി ചട്ടവിരുദ്ധം; ചട്ടമ്പിത്തരം അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
Thursday, July 3, 2025 10:40 AM IST
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തതിനെതിരേ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിസിയുടേത് ചട്ടവിരുദ്ധ നടപടിയാണെന്ന് മന്ത്രി പ്രതികരിച്ചു.
ഗവർണർ എല്ലാം പ്ലാൻ ചെയ്ത് നടപ്പാക്കുന്നു. ചട്ടമ്പിത്തരം അനുവദിക്കില്ല. ഗവർണറുടെ കൂലിതല്ലുകാരനെപ്പോലെയാണ് വിസി പ്രവർത്തിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
ഭാരതാംബയെ രജിസ്ട്രാർ മാനിച്ചില്ലെന്നാണ് ആരോപണമായി ഉന്നയിക്കുന്നത്. ആരാണ് ഭാരതാംബ. കാവിക്കൊടിയേന്തിയ ഒരു സഹോദരി അല്ലെങ്കിൽ ഒരു വനിത മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ചട്ടലംഘനം മൂലം പരിപാടി റദ്ദാക്കിയെന്ന് അറിഞ്ഞതിന് ശേഷവും ആ പരിപാടിയിൽ പങ്കെടുത്ത ഗവർണറാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയ സംഭവത്തിലാണ് രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നുള്ള അന്വേഷണ റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.