നീണ്ട 26 വർഷം; ഒരു ദിവസം പോലും അവധിയെടുക്കാത്ത അധ്യാപികയ്ക്ക് ആദരം
Thursday, December 5, 2019 12:34 PM IST
ഇരുപത്തിയാറ് വർഷത്തിനുള്ളിൽ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്കൂളിൽ അധ്യാപനവൃത്തിയിൽ ഏർപ്പെട്ട 84 കാരിയായ അധ്യാപിക ഷാരോൺ ബ്രാഡ്‌ലിയെ ഗാർലന്‍റ് ഐഎസ്ഡി ആദരിച്ചു.

പതിവുപോലെ ഡിസംബർ 2 നു സ്കൂളിലെത്തിയ ഷാരന് അധ്യാപകരും വിദ്യാർഥികളും അപ്രതീക്ഷിത സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചത്. നാമാൻ എച്ച്എസ് (NAAMAN H.S) ഫോറസ്റ്റ് ഹൈസ്കൂളിലെ ഹെൽത്ത് സയൻസ് അധ്യാപികയാണ് ഷാരൺ.

വിദ്യാർഥികളെ സംബന്ധിച്ചു ഷാരൺ എന്നും ഒരു മാതൃകാ അധ്യാപികയാണ്. പാരമെഡിക്, ഫ്ലൈറ്റ് നഴ്സ് എന്നീ നിലകളിൽ പ്രവർത്തിച്ച ഷാരൺ 26 വർഷം മുമ്പാണ് ഐഎസ്ഡിയിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.

ഡാളസിൽ ജോൺ എഫ് കെന്നഡി വെടിയേറ്റു ഗുരുതരാവസ്ഥയിൽ പാർക്ക് ലാന്‍റ് ആശുപത്രിയിൽ എത്തിയപ്പോൾ ഷാരൺ അന്ന് എമർജൻസി റൂമിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ് മരിച്ചിട്ടും കഴിഞ്ഞ ഒക്ടോബറിലെ ചുഴലിക്കാറ്റിൽ വീടിനു നാശം സംഭവിച്ചു അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നിട്ടും ഒരൊറ്റ അവധിപോലും ഇവർ എടുത്തിരുന്നില്ല.

ഞാൻ ഒരിക്കലും റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എന്‍റെ മനസ് ഇപ്പോഴും യൗവനാവസ്ഥയിലാണ് ടെക്സസ് വർക്ക് ഫോഴ്സ് എന്‍റെ ലൈസെൻസ് തിരിച്ചെടുക്കുന്നതുവരെ ഞാൻ സ്കൂളിൽ എത്തും - ഷാരോൺ പറഞ്ഞു.എല്ലാവരേയും ഇഷ്ടപ്പെടുന്ന, എല്ലാവരാലും ആദരിക്കപ്പെടുന്ന അധ്യാപികയാണ് ഷാരനെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു.

പി.പി. ചെറിയാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.