തടിക്കഷണത്തില്‍ ക്രിസ്തുരൂപം തെളിഞ്ഞപ്പോള്‍; സംഭവം ഇംഗ്ലണ്ടില്‍
Thursday, December 15, 2022 2:45 PM IST
ലോകമെമ്പാടും ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണല്ലൊ. വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്നുമാണ് ഡിസംബര്‍. ലോകത്തിന്റെ പല കോണിലുമുള്ളവര് വിവിധ തരം ഉത്സവങ്ങളും ആചാരങ്ങളും ഇക്കാലയളവില്‍ ചെയ്യാറുണ്ട്.
അത്തരത്തില്‍ ഒരു ഉത്സവം ഒരുക്കിയപ്പോള്‍ ഇംഗ്ലണ്ടിലുള്ള ഒരാള്‍ക്ക് സംഭവിച്ച അത്ഭുതമാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരിക്കുന്നത്.
ഇംഗ്ലണ്ടിലെ ഒരു ചെറു ഗ്രാമമായ ബ്രൈസ് നോര്‍ട്ടനിലുള്ള ആളാണ് ഫില്‍ ബക്ക്ലി. കഴിഞ്ഞ ദിവസം ഇദ്ദേഹം താന്‍ കത്തിക്കാനായി എടുത്ത ഒരു മരക്കഷ്ണം കണ്ട് ആകെ അമ്പരന്നുപോയി. കാരണം ആ തടിയില്‍ ക്രിസ്തുവിന്റെ മുഖഭാവം. ബ്രസീലിലെ റിയോ ഡി ഷാനേറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയുടേതിന് സമാനമായ മുഖമാണ് ഈ രൂപത്തിനുമുണ്ടായിരുന്നത്.
തടിയിലെ രൂപത്തിന്റെ കാര്യം ഈ 44 കാരന് തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുകയുണ്ടായി. കണ്ടവരൊക്കെ അന്തിച്ചിരിക്കുകയാണ്. പിന്നെ മിശിഹായുടെ ഈ രൂപത്തിന്റെ കാര്യം മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു.
ഏതായാലും ഇത് തനിക്കൊരു നല്ല അനുഭവമാണെന്നും ഈ ക്രിസ്മസിന് ഏറെ പ്രത്യേകത കൈവന്നുവെന്നും ഫില്‍ പറയുന്നു.