അല്ലുവിനെ വിളിച്ച് ആലപ്പുഴ കളക്ടര്‍; ആ വിദ്യാര്‍ഥിനിക്കിനിയും പഠിക്കാനാകും
Friday, November 11, 2022 1:20 PM IST
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരമാണല്ലൊ അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്‍റെ ഏതൊരു ചിത്രവും കേരളത്തില്‍നിന്നും വലിയ വിജയം നേടാറുണ്ട്. ഇപ്പോഴിതാ തന്‍റെ സത് പ്രവൃത്തിമൂലം മലയാളക്കരയുടെ സ്നേഹം ഏറ്റുവാങ്ങുകയാണ് ഈ സ്റൈലീഷ് സ്റ്റാര്‍.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ സംഭവത്തിന് പിന്നില്‍ ആലപ്പുഴക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട കളക്ടര്‍ കൃഷ്ണ തേജയുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ഇതിന്‍റെ വിശദാംശങ്ങള്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് കാര്യം മറ്റുള്ളവരറിഞ്ഞത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി ആലപ്പുഴ കളക്ടറെ കാണാന്‍ എത്തിയിരുന്നു. പ്ലസ്ടുവിന് 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് ഈ കുട്ടി എത്തിയത്.
പെണ്‍കുട്ടിയുടെ പിതാവ് കോവിഡ് നിമിത്തം 2021ല്‍ മരണപ്പെട്ടിരുന്നു. ഇതോടെ സാധാരണ കുടുംബത്തിലെ അംഗമായ അവളുടെ പഠനം മുടങ്ങുന്ന അവസ്ഥയിലുമായി.
പെണ്‍കുട്ടിയുടെ അവസ്ഥ മനസിലാക്കിയ കളക്ടര്‍ വീആര്‍ ഫോര്‍ ആലപ്പി എന്ന പദ്ധതിയുടെ ഭാഗമായി കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാന്‍ തീരുമാനിച്ചു.
നേഴ്സാകാനാണ് തനിക്കാഗ്രഹമെന്നാണ് ഈ പെണ്‍കുട്ടി അദ്ദേഹത്തോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്മെന്‍റ് സീറ്റിലെങ്കിലും ഈ കുട്ടിക്ക് തുടര്‍ പഠനം ഉറപ്പാക്കണമെന്ന് കൃഷ്ണ തേജ എന്ന മനുഷ്യസ്നേഹി ചിന്തിച്ചു.
അതിനായി വിവിധ കോളജുകളുമായി അദ്ദേഹം ബന്ധപ്പെട്ടു. ഒടുവില്‍ കറ്റാനം സെന്‍റ് തോമസ് നഴ്സിംഗ് കോളജില്‍ സീറ്റ് ലഭിച്ചു. നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സ്പോണ്‍സര്‍ എന്നതായിരുന്നു അടുത്ത കടമ്പ.
അതിനായി ഇദ്ദേഹം ബന്ധപ്പെട്ടത് തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുനെ ആണ്. ഒരുവര്‍ഷത്തെ ഫീസിന്‍റെ കാര്യമാണ് കളക്ടര്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചത്.
എന്നാല്‍ കാര്യം കേട്ടപാടെ ഒരു വര്‍ഷത്തെയല്ല മറിച്ച് നാല് വര്‍ഷത്തേക്കുമുള്ള ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള മുഴുവന്‍ പഠന ചിലവും താന്‍ ഏറ്റെടുക്കാമെന്നായിരുന്നു അല്ലുവിന്‍റെ മറുപടി.
ഏതായാലും ഈ സുമനസുകളുടെ പ്രവൃത്തി നിമിത്തം ഒരുപെണ്‍കുട്ടിയുടെ ഭാവി ശോഭനമാവുകയാണ്.
കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെന്‍റ് തോമസ് കോളജ് അധികൃതര്‍ക്കും പഠനത്തിനായി മുഴുവന്‍ തുകയും നല്‍കിയ അല്ലു അര്‍ജുനും വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് കൃഷ്ണ തേജ തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എന്നാല്‍ ഇങ്ങനെയൊരു കളക്ടര്‍ അഭിമാനമാണെന്നാണ് കമന്‍റുകളില്‍ ആളുകള്‍ കൂടുതലായി കുറിക്കുന്നത്.