മഞ്ഞ് വില്ലനായി; നായകനെപ്പോലെയെത്തി ഡെലിവറി ബോയ്!
Wednesday, January 13, 2021 6:42 PM IST
ഓണ്‍ലൈൻ ഷോപ്പിംഗ് പലർക്കും ഒരു ഹരമാണ്. ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റിൽ കയറിയാൽ എന്തെങ്കിലും ഓർഡർ ചെയ്തില്ലെങ്കിൽ പിന്നെ ഒരു സമാധാനവുമില്ല. ആവശ്യമുള്ളതും ഇല്ലാത്തതുമായ പലതും ഓണ്‍ലൈനിൽ നിന്ന് വാങ്ങുകയെന്നത് പലരുടെയും സ്വഭാവമാണ്.
ചിലരുടെ ഭ്രാന്തമായ ഓണ്‍ലൈൻ ഷോപ്പിംഗ് മറ്റു ചിലർക്ക് അനുഗ്രഹമാണെന്നുള്ളത് മറ്റൊരു കാര്യം. ഓണ്‍ലൈൻ ഷോപ്പിംഗ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ധാരാളം യുവാക്കളുണ്ട്. മഴയാണെങ്കിലും വെയിലാണെങ്കിലും തങ്ങളുടെ ജോലി ഭംഗിയായാണ് അവർ പൂർത്തിയാക്കുന്നത്.
പ്രതികൂല കാലാവസ്ഥയിൽ തന്റെ ജോലി കൃത്യതയോടെ ചെയ്യുന്ന ഒരു ഡെലിവറി ബോയ്യുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാഷ്മീരിലാണ് സംഭവം. ഡെലിവറി ബോയ്യുടെ വാഹനമാണ് സംഗതി വൈറലാകാൻ കാരണം. കുതിരപ്പുറത്തെത്തിയാണ് കക്ഷി സാധനങ്ങൾ ഡെലിവറി ചെയ്യുന്നത്.
മഞ്ഞുവീണ വഴിയിൽക്കൂടി വാഹനവുമായി എത്താൻ കഴിയാത്തതിനാലാണ് കുതിരപ്പുറത്ത് പാഴ്സലുമായി ഇയാൾ എത്തിയത്. കുതിരപ്പുറത്ത് പാഴ്സലുമായി നീങ്ങുന്ന ആമസോൺ ഡെലിവറി ബോയ്യുടെ വീഡിയോ സമീപവാസിയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഡെലിവറി ബോയ്യെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.