പരിക്കേറ്റ പുള്ളിപ്പുലിയുടെ ചിത്രം എടുക്കാൻ ശ്രമിച്ചയാൾക്ക് സംഭവിച്ചത്
Monday, August 19, 2019 7:13 PM IST
പരിക്കേറ്റ് നിലത്ത് കിടന്ന പുലിയുടെ ചിത്രം പകർത്തുന്നതിനിടെ ഒരാളെ പുലി ആക്രമിച്ചു. പശ്ചിമ ബംഗാളിലെ അലിപുർദർ ജില്ലയിലാണ് സംഭവം.
നിലത്ത് കിടന്ന പുലിയുടെ ചിത്രം നിരവധി പേർ പകർത്തുന്നുണ്ടായിരുന്നു. ആളുകളുടെ ശല്യം സഹിക്കാൻ കഴിയാതായ പുലി പെട്ടന്ന് ചാടിയെഴുന്നേറ്റ് ഒരാളെ പിടികൂടി. പുലിയുടെ ആക്രമണം കണ്ട് ഭയന്ന് പോയ ജനക്കൂട്ടം ചിതറിയോടി.
എന്നാൽ അവശനായ പുലി ഇയാളുടെ മേലുള്ള പിടിവിടുകയായിരുന്നു. ഈ സമയം സമീപമുണ്ടായിരുന്നവർ പുലിക്ക് നേരെ വടിയും കമ്പും എറിഞ്ഞു. പുലി പിടികൂടിയയാൾക്ക് നിസാര പരിക്ക് സംഭവിച്ചിട്ടുണ്ട്. പുലിക്ക് ചികിത്സ നൽകിയതിന് ശേഷം കാട്ടിൽ തുറന്നു വിട്ടു. വാർത്ത ഏജൻസിയായ എഎൻഐയാണ് ഈ വീഡിയോ പുറത്ത് വിട്ടത്.