സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഏറ്റവും സജീവമായ ഒരാളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹം ഷെയര്‍ ചെയ്യാറുള്ള പല ട്വീറ്റുകളും വൈറലാകാറുണ്ട്. തന്‍റെ ട്വീറ്റുകളില്‍ അദ്ദേഹം ആളുകളുമായി ആശയവിനിമയം നടത്താറുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം ഷെയര്‍ ചെയ്ത "ബേര്‍ഡ്സ് ഐ വ്യൂ’ എന്ന പോസ്റ്റില്‍ ഒരു പരുന്തിന്‍റെ സഞ്ചാരമാണുള്ളത്. പക്ഷിയുടെ ചിറകിലുള്ള ചെറിയ കാമറയില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങളില്‍ ആല്‍പ്സ് പര്‍വതനിരയുടെ മുകളിലൂടെ പറക്കുന്ന പരുന്തിനെ കാണാം.

വളരെ ചടുലമായി മിഴികള്‍ നീക്കി തന്‍റെ ലക്ഷ്യം നിശ്ചയിച്ച് പറക്കുന്ന ഈ പരുന്ത് ഏവര്‍ക്കും ഒരുദാഹരണമാണെന്നാണ് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെടുന്നത്. പര്‍വതങ്ങള്‍ പ്രശ്നങ്ങളാണെന്നും എന്നാല്‍ ചിറകുകള്‍ അവയ്ക്ക് മുകളിലൂടെ പറക്കാനുള്ള അവസരങ്ങളാണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് അനവധി കമന്‍റുകളും ലഭിക്കുന്നുണ്ട്. പ്രചോദനം നല്‍കുന്ന വീഡിയോ എന്നാണൊരു കമന്‍റ്.