അനശ്വര ഇനി വക്കീൽ; പക്ഷേ, പൊറോട്ടയടി മറക്കില്ല!
Monday, March 28, 2022 3:40 PM IST
ഇത്തിരിപ്പോന്ന പഴയ വീട്ടിലെ ചെറിയ ഹോട്ടലിൽ പൊറോട്ടയടിച്ച് അമ്മയെയും കൊച്ചു കുടുംബത്തെയും സഹായിക്കുന്ന അനശ്വര ഇനി അഭിഭാഷക ഗൗണ് അണിയാൻ എൻറോൾമെന്റിനുള്ള തയാറെടുപ്പിൽ. എൽഎൽബി പാസായതോടെ ജീവിതത്തിന്റെ പുതിയ തീരങ്ങളിലേക്ക് സഞ്ചരിക്കാനൊരുങ്ങുകയാണ് അനശ്വര.
എരുമേലി കുറുവാമുഴി കാശാൻകുറ്റിയിൽ സുബിയുടെ മകളായ അനശ്വരയുടെ പൊറോട്ടയടി ഏറെ വൈറലായ വാർത്തയായിരുന്നു. സുപ്രീംകോടതി ജഡ്ജി മുതൽ സിനിമാ താരങ്ങളും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടേറെ പേരാണ് വാർത്തയെ തുടർന്ന് സഹായങ്ങളുമായി എത്തിയത്.
പിതാവ് നാട് വിട്ടുപോയതോടെ സ്വന്തം വീടും സ്ഥലവും ഇല്ലാതെ രണ്ടു പെൺമക്കളുമായി കുടുംബവീട്ടിൽ ചെറിയ ഹോട്ടൽ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയപ്പോഴാണ് ഇളയ മകൾ അനശ്വര പൊറോട്ടയടി പരിശീലിച്ചത്. പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകർത്തി സുഹൃത്തുക്കൾ കോളജിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.
വാർത്തകളെ തുടർന്ന് ഒട്ടേറെ സഹായഹസ്തങ്ങൾ അനശ്വരയ്ക്ക് താങ്ങാകാൻ എത്തി. സഹപാഠികൾക്കിടയിൽ അനശ്വരയുടെ വിളിപ്പേര് പൊറോട്ട എന്നായി മാറുകയും ചെയ്തു. തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽനിന്ന് എൽഎൽബി പഠനം പൂർത്തിയായി കഴിഞ്ഞ ദിവസമാണ് പരീക്ഷ പാസായി റിസൽട്ട് എത്തിയത്. ഇനി എൻറോൾമെന്റ് കൂടി കഴിയുന്നതോടെ ജീവിതത്തിൽ ഏറെ ആഗ്രഹിച്ച അഭിഭാഷക വേഷം അനശ്വരയ്ക്ക് സ്വന്തമാകും.
പഠനത്തിനും പരിശീലനത്തിനും സഹായ വാഗ്ദാനങ്ങൾ ലഭിച്ചത് പൊറോട്ടയടിയിലൂടെയാണെന്നുള്ളത് ഒരിക്കലും മറക്കില്ലെന്നും അമ്മയെ സ്നേഹത്തോടെ ചേർത്തുനിർത്തി അനശ്വര പറഞ്ഞു.