ഒരു "ഓഡി' തട്ടുകട; മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്..!
Tuesday, June 6, 2023 12:39 PM IST
ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്‍പന നടത്തുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ലോഖന്ദ് വാല തെരുവിൽ അമിത് കശ്യപ്, മന്നു ശര്‍മ എന്നീ ചെറുപ്പക്കാരാണ് അടിപൊളി സ്റ്റൈലിൽ ചായക്കച്ചവടം നടത്തുന്നത്. എല്ലാദിവസവും ഓഡിയില്‍ എത്തുന്ന ഇവര്‍ റോഡരികിൽ കാർ ഒതുക്കിയിട്ട് അവിടത്തന്നെ സ്റ്റാള്‍ തയാറാക്കി ചായ വില്‍പന ആരംഭിക്കുന്നു.
"ഓണ്‍ ഡ്രൈവ് ടീ' എന്നാണ് ഇവരുടെ തട്ടുകടയുടെ പേര്. ഈ പേരില്‍ ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഉണ്ട്. "ആഢംബരമായി ചിന്തിക്കൂ, ആഢംബരമായി കുടിക്കൂ...' എന്നാണ് ടീ സ്റ്റാളിന്‍റെ ടാഗ്‌ലൈന്‍. കടയുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും യുവാക്കള്‍ പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ ചായ കുടിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നതെന്ന് അമിത്തും മന്നുവും പറയുന്നു.
ഇരുവരെയും പ്രശംസിച്ചു നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതേസമയം, ഓഡിയില്‍ ചായക്കച്ചവടം നടത്തുന്നതിനെ വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളുണ്ട്. നേരത്തെ മുംബൈ നഗരത്തില്‍ എംബിഎ, ബിടെക് യോഗ്യതയുള്ളവരുടെ ചായക്കച്ചവടം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.