കുട്ടികൾ ആറായപ്പോൾ ലജ്ജ തോന്നി, 12 ആയപ്പോൾ അഭിമാനവും!
Wednesday, March 17, 2021 3:50 PM IST
പതിനഞ്ചുകാരൻ ക്രിസ്മാൻ, മുതൽ ഒരു വയസുള്ള ഒലിവർ, ആഷർ, ആബെൽ വരെ പതിനൊന്നു പേർ. ഉടനെ ഒരാൾ കൂടിയെത്തും അതോടെ ഒരു ഡസൻ കുഞ്ഞുങ്ങളുള്ള വീടായി ഇതു മാറും. അമേരിക്കയിലെ കൻസാസിലെ അർക്കൻസാസ് സിറ്റിയിൽനിന്നുള്ള ബ്രിട്നി ചർച്ച് എന്ന 32കാരിയാണ് ഇവരുടെ അമ്മ.
ഒരു വർഷം മുന്പ് ബ്രിട്നിക്ക് ഒറ്റ പ്രസവത്തിലൂടെ ജനിച്ചവരാണ് ഒലിവർ, ആഷർ, ആബെൽ എന്നീ മൂന്നുപേർ. 29 കാരനായ ഭർത്താവ് ക്രിസിനൊപ്പമാണ് പന്ത്രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്നത്. എന്തായാലും പന്ത്രണ്ടാമത്തെ കുഞ്ഞിൽ നിർത്താനാണ് ഇവരുടെ തീരുമാനം.
പതിനാറാം വയസിൽ
ബ്രട്നി തന്റെ പതിനാറാം പിറന്നാളു കഴിഞ്ഞ് ആറു ദിവസമായപ്പോഴാണ് തന്റെ ആദ്യത്തെ കുഞ്ഞ് ക്രിസ്മാനു ജന്മം നൽകുന്നത് അതു മുൻ ഭർത്താവിലുള്ള കുഞ്ഞാണ്. അതിന് അഞ്ചു ദിവസം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. ക്രിസ്മാന് ഇപ്പോൾ 15 വയസുണ്ട്.
പതിന്നാലുകാരൻ ജോർദാൻ, പതിമൂന്നുകാരൻ കാലെബ്, പന്ത്രണ്ടുകാരൻ ജെയ്സ്, പത്ത് വയസുകാരൻ കാഡെൻസ് എന്നിങ്ങനെ അഞ്ചു പേരും കൂടി ക്രിസ്മാനു ശേഷം ബ്രിട്നിക്കു ജനിച്ചു. ആദ്യ ഭർത്താവുമായുള്ള വിവാഹമോചനത്തിനു ശേഷം, ബ്രിട്നി അപ്രതീക്ഷിതമായാണ് തന്റെ ആറാമത്തെ കുട്ടിയായ ജെസാലിനെ 2012ൽ ഗർഭം ധരിക്കുന്നത്.
വിവാഹ മോചനത്തിനുശേഷം ബ്രിട്നി ഒറ്റയ്ക്കായിരുന്നു കുഞ്ഞുങ്ങളെ വളർത്തിയിരുന്നത്. 2014ലാണ് സബ്കോണ്ട്രാക്ടറായ ക്രിസിനെ കണ്ടു മുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഇരുവർക്കും അഞ്ചു കുഞ്ഞുങ്ങളുണ്ട്. ആറാമൻ ഉടനെയെത്തും
ഇപ്പോൾ അഭിമാനം
ബ്രിട്നിയുടെ ടിക് ടോക്ക് അക്കൗണ്ടിൽ, 12 കുട്ടികളുള്ളതിൽ ലജ്ജിക്കുന്നുണ്ടോയെന്നു ചോദിച്ച ഒരു ഫോളോവറോടുള്ള മറുപടിയാണിത്; സത്യസന്ധമായി പറയുകയാണെങ്കിൽ ഞാൻ അഞ്ചും ആറും കുഞ്ഞുങ്ങളെ ഒറ്റയ്ക്കു വളർത്തുന്ന ഒരമ്മയായിരുന്നപ്പോൾ നാണക്കേടുണ്ടായിരുന്നു. ധാരാളം കുഞ്ഞുങ്ങളുണ്ടാകുന്നത് ഒരു മോശം കാര്യമാണെന്നായിരുന്നു കരുതിയിരുന്നത്. ഞാൻ അവരെ ലോകത്തിനു പരിചയപ്പെടുത്തിയിരുന്നില്ല. അവരുടെ കാര്യങ്ങളിൽ ഒഴിവു കഴിവുകൾ കണ്ടെത്തിയിരുന്നു.
എന്തിനാണ് എനിക്കിത്രയും കുട്ടികൾ എന്ന് ചിന്തിച്ചിരുന്നു. എന്നാൽ, എനിക്കിപ്പോൾ എന്റെ കുട്ടികളെക്കുറിച്ച് അഭിമാനമെയുള്ളു. പന്ത്രണ്ടാമതായി എത്തുന്ന കുഞ്ഞിനെയും ആദ്യ കുഞ്ഞിനെപ്പോലെ തന്നെ ഞാൻ സ്നേഹിക്കും. എന്റെ കുടുംബത്തിലെ എല്ലാവരും പന്ത്രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നാണ് ബ്രിട്നി പറയുന്നത്.
ചെലവ് അൽപ്പം കൂടും
ബ്രിട്നിയും ക്രിസും ആഴ്ചയിൽ 23,082ൽ അധികം രൂപ പലചരക്ക് സാധനങ്ങൾക്കായി ചെലവഴിക്കുന്നു, കൂടാതെ അഞ്ച് പെട്ടി ധാന്യങ്ങൾ, 66 കാർട്ടണ് പാൽ, 600 നാപ്കിനുകൾ എന്നിങ്ങനെ പോകുന്നു ചെലവുകൾ. ആളുകൾക്കു ഞങ്ങളെക്കുറിച്ചു ധാരാളം ഊഹാപോഹങ്ങളുണ്ട് പക്ഷേ അതൊന്നും ശരിയല്ല. ഞങ്ങളും എല്ലാവരെയും പോലെ സാധാരണ മനുഷ്യരാണെന്നും ബ്രിട്നി പറയുന്നു.