15 വർഷം മുന്പ് കാണാതായ പൂച്ചയെ ഒടുവിൽ ഉടമയ്ക്ക് ലഭിച്ചു
Sunday, February 28, 2021 6:19 AM IST
ഓമന വളർത്തു മൃഗങ്ങളെ കാണാതായാൽ പത്രപരസ്യം വരെ നൽകി അവയെ കണ്ടെത്താൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ കാണാതായ പൂച്ചയെ 15 വർഷത്തിനു ശേഷം കണ്ടുകിട്ടിയ കഥയാണ് ലോസ് ആഞ്ചലസ് സ്വദേശിയായ ചാൾസിന് പറയാനുള്ളത്. 2015ൽ രണ്ടുമാസം പ്രായമുള്ള ഒരു പൂച്ചയെ ചാൾസ് ദത്തെടുത്തിരുന്നു.
ബ്രാൻഡി എന്നു പേരിട്ടാണ് പൂച്ചയെ വളർത്തിയിരുന്നത്. ഏതാനം മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം പൂച്ച അപ്രത്യക്ഷമായി. ചാൾസ് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വാഹനമിടിച്ച് ചത്തതോ അല്ലെങ്കിൽ വന്യമൃഗങ്ങൾ പൂച്ചയെ ഭക്ഷിച്ചതോ ആകാമെന്ന നിഗമനത്തിൽ ഒടുവിൽ ചാൾസ് എത്തി.
വൈകാതെ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ചാൾസ് മാറി. പുതിയ സ്ഥലത്തെത്തി രണ്ട് പൂച്ചകളെ ദത്തെടുത്തു. കഴിഞ്ഞ ദിവസം ചാൾസിന് ലോസ് ആഞ്ചലസ് മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഒരു വിളി വന്നു. ചാൾസിന്റെ കാണാതെ പോയ പൂച്ച അവിടെയുണ്ടെന്നായിരുന്നു സന്ദേശം. ബ്രാൻഡിയെ ദത്തെടുക്കുന്ന സമയം മൈക്രോ ചിപ്പ് ഘടിപ്പിച്ചിരുന്നു. ഇതാണ് ചാൾസിനെത്തേടി വിളിവരാൻ കാരണം.
എന്നാൽ അത് ബ്രാൻഡിയാവില്ലെന്ന വിശ്വാസത്തോടെയാണ് ചാൾസ് സംരക്ഷ കേന്ദ്രത്തിലെത്തിയത്. പക്ഷെ അത് ബ്രാൻഡിയായിരുന്നു. ക്ഷീണിച്ച് മെലിഞ്ഞ അവസ്ഥയിലായിരുന്നു ബ്രാൻഡി. രണ്ട് പൂച്ചകളെ ദത്തെടുത്തതിനാൽ സഹോദരിയുടെ ബ്രാൻഡി ഇപ്പോൾ ചാൾസിന്റെ സഹോദരിയുടെ വീട്ടിലാണുള്ളത്.