ചാനൽ പരിപാടിക്കിടെ കൊലപാതക വെളിപ്പെടുത്തൽ; യുവാവിനെ സ്റ്റുഡിയോയിലെത്തി അറസ്റ്റ് ചെയ്തു പോലീസ്
Wednesday, January 15, 2020 2:02 PM IST
ലൈവ് ചാനൽ പരിപാടിക്കിടെ കൊലപാതകം നടത്തിയെന്ന് കുറ്റം സമ്മതിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 31 കാരനായ ഇയാളുടെ പേര് മനീന്ദർ സിംഗ് എന്നാണ്. ചാനൽ സ്റ്റുഡിയോയിലെത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2010ൽ മറ്റൊരു യുവതിയെ കൊന്നതിന് അറസ്റ്റിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആളാണ് മനീന്ദർ.
27കാരിയായ നഴ്സ് സരബ്ജിത്ത് കൗർ എന്ന യുവതിയെയാണ് മനീന്ദർ ന്യൂഇയർ രാത്രിയിൽ കൊന്നത്. സറബ്ജിത്തിനെ വിവാഹം കഴിക്കാൻ താൻ അതിയായി ആഗ്രഹിച്ചിരുന്നതായി മനീന്ദർ പറഞ്ഞു. എന്നാൽ അതിന് സരബ്ജിത്തിന്റെ വീട്ടുകാർക്ക് ഇഷ്ടമില്ലായിരുന്നു.
രണ്ടുപേരും വ്യത്യസ്ത മതവിഭാഗമായിരുന്നതാണ് കാരണം. വിവാഹത്തിന് സമ്മതിക്കാതിരിക്കുവാൻ കാരണമായി തനിക്ക് സർക്കാർ ജോലിയില്ലെന്ന് സരബ്ജിത്തിന്റെ വീട്ടുകാർ പറയുമായിരുന്നുവെന്നും മനീന്ദർ പറഞ്ഞു. കൂടാതെ മറ്റൊരാളുമായി സരബ്ജിത്ത് അടുപ്പമാണെന്ന സംശയവും കൊലപാതകത്തിലേക്ക് വഴിവച്ചു.
ന്യൂഇയർ ആഘോഷിക്കാൻ മനീന്ദറിനൊപ്പം ഹോട്ടൽ മുറിയിൽ സരബ്ജിത്ത് വന്നിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിൽ നടന്ന വാക്ക് തർക്കം കൊലപാതകത്തിന് വഴിവയ്ക്കുകയായിരുന്നു. മനീന്ദർ സ്റ്റുഡിയോയിലുണ്ടെന്ന് വിവരം ലഭിച്ച പോലീസ് ഉടൻ തന്നെ ഇവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്തു.